ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ബുദ്ധന്‍മാരുടെ ഊരാണ് ബുധനൂര്‍ എന്ന് വ്യവഹരിക്കപ്പെടുന്നു. എ ശ്രീധരമേനോന്റെ കേരള ചരിത്രത്തില്‍ ആലപ്പുഴ ജില്ലയിലും പ്രത്യേകിച്ച് ബുധനൂരിലും ഒരിക്കല്‍ ശക്തമായിരുന്ന ബുദ്ധമതത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ജനപഥങ്ങളുടെയും ഭൂപ്രകൃതിയുടെയും പ്രത്യേകതകള്‍ക്ക് അനുസ്യതമായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന സ്ഥലനാമങ്ങള്‍ പ്രചാരത്തിലുണ്ട്. കടമ്പൂര്, പെരിങ്ങാട്, ബുധനൂര്‍ , തൈയ്യൂര്‍ , എണ്ണയ്ക്കാട്, ഇലഞ്ഞിമേല്‍ , പെരിങ്ങിലിപ്പുറം, ഗ്രാമം, ഉളുന്തി എന്നിവയാണ് പ്രധാനപ്പെട്ട സ്ഥലനാമങ്ങള്‍. ഈ സ്ഥലനാമങ്ങളുടെ അടിസ്ഥാനത്തില്‍ കരകളും വാര്‍ഡുകളും രൂപപ്പെട്ടിട്ടുണ്ട്. സമ്പന്നമായ ഒരു ദ്രാവിഡ സംസ്ക്കാരത്തെ അനുസ്മരിപ്പിക്കുന്ന നാഗാരാധനയും, തറക്കൂട്ടങ്ങളും, കാവുകളും ഈ നാട്ടില്‍ ഇപ്പോഴും അന്യം നിന്നുപോയിട്ടില്ല. പ്രാചീന സംസ്ക്കാരത്തെ പരിരക്ഷിക്കുകയും പരിപോക്ഷിപ്പിക്കുകയൂം ചെയ്തുപോന്ന അനേകം അനുഷ്ഠാനങ്ങളും ക്ഷേത്രാചാരങ്ങളും, കലാരൂപങ്ങളും, കായിക വിനോദങ്ങളും നിലവിലുണ്ട്. സമ്പന്നമായ കാര്‍ഷികോല്‍സവത്തെ അനുസ്മരിപ്പിക്കുന്ന കുന്നത്തൂര്‍ കുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച, പള്ളി വിളക്ക്, ഇലഞ്ഞിമേല്‍ ക്ഷേത്രത്തിലെ പടയണി, ഗ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഞാണിന്‍മേല്‍ക്കളി, എണ്ണയ്ക്കാട് അന്‍പൊലി പന്തല്‍ എന്നിവ ഇപ്പോഴും സാംസ്ക്കാരിക ജീവിതത്തിന്റെ ഭാഗമാണ്. ബുധനൂര്‍ കുന്നത്തൂര്‍ കുളങ്ങര ക്ഷേത്രത്തില്‍ പത്താമുദയത്തിന് നടക്കുന്ന പള്ളിവിളക്ക് പ്രസിദ്ധമാണ്. 50 മീറ്ററോളം ഉയരം വരുന്ന രണ്ടു വിളക്കിലുമായി ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്ന ഈ കാഴ്ച കേരളത്തില്‍ അപൂര്‍വ്വമാണ്. ഈ പ്രദേശത്തെ മതസൌഹാര്‍ദ്ദത്തിന്റെയും സാംസ്ക്കാരിക ഉയര്‍ച്ചയുടേയും, വാസ്തുകലയുടെയും പ്രതീകമായി ഈ ദീപക്കാഴ്ച്ച ഇന്ന് മാറിയിരിക്കുന്നു. വളരെ പഴക്കം ചെന്ന ഉളുന്തിയിലെ സെന്റ് ആനിസ് പള്ളി, ബുധനൂരിലെ സെന്റ് ഏലിയാസ് പള്ളി, പെരിങ്ങാട് സി.എസ്.ഐ പള്ളി, മാടപ്പള്ളില്‍ സെന്റ് ജോര്‍ജ്ജ് ദേവാലയം എന്നിവയും, ഗുരുദേവ മന്ദിരങ്ങളും സാംസ്ക്കാരിക ജീവതത്തിന്റെ പെരുമയേയും, ഒരുമയേയും പ്രകീര്‍ത്തിക്കുന്നു. കാര്‍ഷിക മേഖല സമൃദ്ധമായിരുന്നതിനാല്‍ മെച്ചപ്പെട്ട ഒരു സമ്പദ്ഘടനയാണ് ഈ പഞ്ചായത്തിലുണ്ടായിരുന്നത്. ഇപ്പോഴും മെച്ചപ്പെട്ട ഒരു കാര്‍ഷികാടിത്തറയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈ ഗ്രാമത്തിന് സമസ്ത ഐശ്വര്യങ്ങളും പ്രദാനം ചെയ്തുകൊണ്ട് വെണ്‍മണി, ആല, ബുധനൂര്‍ വഴി ഒഴുകിയിരുന്ന ഉത്തര പള്ളിയാറ് വെണ്‍മണിയില്‍ വെച്ച് മാര്‍ത്താണ്ഡ വര്‍മ്മ ഗതി മാറ്റി ഒഴുക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. ഹരിജനോദ്ധാരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ ദത്തെടുത്ത് പഠിപ്പിക്കുകയും, ധാക്കര്‍ എന്ന സാമൂഹിക പരിഷ്കര്‍ത്താവിനെ ഈ പഞ്ചായത്തില്‍ കൊണ്ടുവരുകയും, പെരിങ്ങിലിപുറത്ത് ഒരു സ്ക്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. പാട്ടക്കാരുടെ കൃഷിഭൂമിയില്‍മേലുള്ള അകാശവും കുടികിടപ്പുകാരുടെ കുടികിടപ്പും സംരക്ഷിക്കുന്നതിനുള്ള സമരങ്ങളോടൊപ്പം തന്നെ സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും ഈ പ്രദേശത്ത് നിരവധി നടത്തിയിട്ടുണ്ട്. കരംതീരുവ വോട്ടവകാശം അവസാനിപ്പിച്ച് പ്രായപൂര്‍ത്തി വോട്ടവകാശത്തിന് വേണ്ടി എണ്ണയ്ക്കാട്ടു നടന്ന സമരം ഒരു ചരിത്ര സംഭവമാണ്. വില്ലേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്ന ഹാളിനു മുമ്പില്‍ പ്ളക്കാര്‍ഡുമേന്തി നടന്ന സമരമാണ് ജനാധിപത്യ അവകാശത്തിനു വേണ്ടി ആദ്യമായി ഉണ്ടായ പോരാട്ടം. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യബോധം സട കുടഞ്ഞെഴുന്നറ്റ ചരിത്ര സംഭവങ്ങളിലൊന്നാണ് ബുധനൂരില്‍ നടന്ന തോക്കാസമരം. കുന്നത്തൂര്‍ കുളങ്ങര ക്ഷേത്രത്തിലെ പള്ളിവിളക്ക് കത്തിക്കുന്നതിനുവേണ്ട വസ്തുക്കള്‍ നല്‍കിയിരുന്നത് വിവിധ സമുദായങ്ങളില്‍ പെട്ടവരായിരുന്നു. അക്കാലത്ത് അഷ്ടിക്കു വക കാണുന്നതിനു വേണ്ടി കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പണിയ്ക്കു പൊയ്ക്കൊണ്ടിരുന്ന പിന്നോക്ക സമുദായങ്ങളില്‍പെട്ടവര്‍ മേടം പത്തിന് ക്ഷേത്രത്തിലുള്ള ദീപക്കാഴ്ചയ്ക്ക് സാധനങ്ങള്‍ എത്തിച്ചേ മതിയാകൂ എന്നതായിരുന്നു അലംഘനീയമായ നിയമം. തോക്കായും, ചെളിയും, എണ്ണയും നിര്‍ബന്ധമായും നല്‍കേണ്ടിയിരുന്ന സമുദായങ്ങളില്‍പെട്ടവര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ അവകാശം ഇല്ലായിരുന്നു. ഈ അന്യതാ ബോധത്തില്‍ നിന്നും ഉടലെടുത്ത വൈകാരികതയാണ് ഇക്കൂട്ടരെ തോക്കാ പ്രക്ഷോഭണത്തിലേക്ക് നയിച്ചത്. ഇതിനോടകം ആത്മരാമസ്വാമിയുടെ നേതൃത്വത്തില്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ഒരു ശാഖ സ്ഥാപിച്ച് സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചു. തങ്ങള്‍ക്കുകൂടി പങ്കില്ലാത്ത ഉത്സവത്തിന് തോക്കാ കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതിനുമുമ്പു തന്നെ വട്ടശ്ശേരി മെത്രാന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ വിഭാഗം എണ്ണ കൊടുക്കേണ്ടതില്ലെന്ന തീരുമാനവും എടുത്തിരുന്നു. നാട്ടിന്‍പുറത്ത് ഒട്ടേറെ സംഘര്‍ഷം സൃഷ്ടിച്ച ഈ ബഹിഷ്കരണ സംഭവം ഉല്‍കൃഷ്ടമായ സ്വാതന്ത്ര്യബോധത്തിന്റെ ശ്രേഷ്ടമായ ഭാവപ്രകടനമാണ്. അയിത്തത്തിനെതിരായിട്ടുള്ള സമരത്തിന്റെ ഭാഗമായി ബുധനൂര്‍ പടിഞ്ഞാറ്റിന്‍ചേരി ക്ഷേത്രപരിസരത്തു കൂടി വഴി നടക്കുന്നത് നിഷേധിച്ചതിനെതിരായ സമരവും നടക്കുകയുണ്ടായി. പെരിങ്ങിലിപ്പുറത്തും ഗ്രാമത്തിലും ഉണ്ടായിരുന്ന നെയ്ത്തു വ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കുവാന്‍ ആര്‍ സുഗതന്‍ എത്തുകയും തുടര്‍ന്നു തിരുവനന്തപുരത്തേക്ക് നെയ്ത്തു തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചാണ് ആദ്യത്തെ വ്യവസായ തൊഴിലാളി സമരം. ദേശീയ പ്രക്ഷോഭണത്തിന്റെ ശക്തമായ സ്വാധീനം പ്രദേശത്തും ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് കൊല്ലം ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന അന്തരിച്ച എബ്രഹാം താളേത്തിനെ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിച്ച് പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം വലിയ പറമ്പില്‍ കൊച്ചുകുഞ്ഞ്, മാനാമ്പുറത്ത് പാപ്പി എന്നിവരും പ്രതികളായിരുന്നു. സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ ശക്തമായ മുഖം വിദ്യാഭ്യാസ രംഗത്തും കാണാന്‍ കഴിഞ്ഞിരുന്നു. തങ്ങളുടെ അടിമത്ത ജോലിക്ക് ആളിനെ കിട്ടാതെ വന്നെങ്കിലോ എന്ന ഭയം മൂലം അവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസ അവകാശം പോലും നിഷേധിച്ചിരുന്നു. അവര്‍ണ്ണര്‍ക്കു വേണ്ടി ബുധനൂര്‍ കിഴക്ക് രക്ഷാസൈന്യക്കാര്‍ ആരംഭിച്ച മരുതനാട്ടു സ്ക്കുളും കടമ്പൂര് കുറ്റിയില്‍ സ്ക്കൂളും, പെരിങ്ങിലിപ്പുറത്ത് രാമവര്‍മ്മ രാജാ സ്ഥാപിച്ച സ്ക്കൂളുകളും ചരിത്ര സംഭവങ്ങളാണ്. സാമൂഹിക മാറ്റങ്ങള്‍ക്ക് കളമൊരുക്കിയതില്‍ നിര്‍ണ്ണായകമായ പങ്ക് സാംസ്ക്കാരിക പ്രസ്ഥാനത്തിനുണ്ട്. ബുധനൂര്‍ കലാപോഷിണി വായനശാലയും എണ്ണയ്ക്കാട് ബാപ്പുജി ഗ്രന്ഥശാലയും ഇതില്‍ പ്രധാനമാണ്. 1950-ല്‍ വില്ലേജ് യൂണിയന്റെ പ്രവര്‍ത്തനം ആരംഭിച്ചത് ബാപ്പുജി ഗ്രന്ഥശാലയില്‍ വെച്ചാണ്. 1949-ല്‍ വാലയ്യത്തു കെ.രാമന്‍ പിള്ളയുടെ കൈവശഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിച്ച പെരിങ്ങിലിപ്പുറം ഗ്രാമീണ വായനശാല പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന കേന്ദ്രം ആയിരുന്നു. എ.പി.ഗോപാലന്‍ നായര്‍ , പി.കുട്ടപ്പന്‍ തുടങ്ങിയവരുടെ നേത്യത്വത്തില്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ നടന്ന സമരങ്ങളുടെ കേന്ദ്രം ഇതായിരുന്നു. 1950 ജനുവരി 11-ാം തീയതി പഞ്ചായത്തിന്റെ പ്രാഗ് രൂപമായ എണ്ണക്കാട് വില്ലേജ് യൂണിയന്‍ നിലവില്‍ വന്നു. ഉദയവര്‍മ്മ രാജാ പ്രസിഡന്റും, സര്‍വ്വശ്രീ രാമനുണ്ണിത്താന്‍ , എന്‍ പത്മനാഭ പിള്ള, പി.ജി.ജോണ്‍ , എന്‍ അച്യുതകുറുപ്പ്, പി.എ.വേലായുധന്‍ എന്നിവര്‍ അംഗങ്ങളും ആയിരുന്നു. വില്ലേജ് സമാജം കരയോഗ മന്ദിരത്തില്‍ വെച്ച് ഒരു പൌരമഹായോഗം നടന്നു. ഈ പൌരമഹായോഗം യൂണിയന്‍ മെമ്പര്‍മാരുടെ ചുമതലയില്‍ കമ്മറ്റികള്‍ രൂപീകരിച്ച് വാര്‍ഡടിസ്ഥാനത്തില്‍ റോഡു വെട്ടുവാന്‍ തീരുമാനിച്ചു. ജനകീയ പങ്കാളിത്തത്തോടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ഒരു തുടക്കമായിരുന്നു ഇത്. എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ ഉദയവര്‍മ്മ രാജാ സൌജന്യമായി നല്‍കിയ സ്ഥലത്താണ് പഞ്ചായത്താഫീസ് സ്ഥാപിച്ചിട്ടുള്ളത്. നിരവധിപേര്‍ സൌജന്യമായി നല്‍കിയിട്ടുള്ള സ്ഥലങ്ങളിലാണ് നിരവധി പൊതുസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തില്‍ ഇന്നു കാണുന്ന പൊതുവഴികള്‍ , സ്ക്കൂള്‍ കെട്ടിടങ്ങള്‍ , വായനശാലകള്‍ എന്നിവയെല്ലാം തന്നെ ജനകീയ പങ്കാളിത്തത്തോടു കൂടി നിര്‍മ്മിക്കപ്പെട്ടവയാണ്. ഈ വികസന പ്രവര്‍ത്തനങ്ങളില്‍ കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന പഞ്ചായത്ത് കമ്മിറ്റികളും പ്രസിഡന്റുമാരായ സര്‍വ്വശ്രീ ഉദയവര്‍മ്മ രാജ, എം എന്‍ കേശവ പിള്ള, ടി എന്‍ മഹേശ്വരന്‍ പിള്ള, ജി ആര്‍ രാജരാജവര്‍മ്മ കോയിതമ്പുരാന്‍ , എ.പി.ഗോപാലന്‍ നായര്‍ , ജി.ബാലകൃഷ്ണ പിള്ള, പി.വിശ്വംഭര പണിക്കര്‍ എന്നിവര്‍ സമുചിതമായ നേതൃത്വം വഹിച്ചിട്ടുണ്ട്.